ഞാന്‍ ഇസ്ലാം മതത്തെയും വിശേഷിച്ച് കുര്‍ ആനിനെയും വിമര്‍ശിച്ചുകൊണ്ട് എഴുതാനും പറയാനും തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടു. ഇതു വരെ എന്റെ ഒരു ലേഖനത്തിനോ പുസ്തകത്തിനോ സമഗ്രമായി മറുപടി പറയാന്‍ ആരും മതരംഗത്തു നിന്നും മുന്നോട്ടു വന്നതായി അനുഭവമില്ല. അതില്‍ എനിക്കല്‍പ്പം നിരാശയും അതേ സമയം അല്‍പ്പം ആത്മവിശ്വാസവും തോന്നിയിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ കാര്യമായ തെറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടാനെങ്കിലും മറുപടി വരുമായിരുന്നു. എന്റെ വിമര്‍ശനങ്ങളെ പരമാവധി അവഗണിച്ച് ആളുകളുടെ ശ്രദ്ധയില്‍ വരാതെ നിലനിര്‍ത്തുക എന്ന തന്ത്രമായിരിക്കാം ഈ മൌനത്തിനു പ്രേരകമായ വസ്തുത എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതായാലും ഇസ്ലാമിസ്റ്റുകളുടെ മൌനം ലംഘിച്ചുകൊണ്ട് ബൂലോഗത്തെങ്കിലും എനിക്കു മറുപടി പറയാന്‍ ആളുണ്ടായിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. എന്റെ ബ്ലോഗില്‍ ഞാന്‍ ഉന്നയിക്കുന്ന മതവിമര്‍ശനങ്ങളോട് സമഗ്രമായിത്തന്നെ പ്രതികരിക്കാന്‍ മറ്റൊരു ‘യുക്തിവാദം’ ബ്ലോഗ് രംഗത്തു വന്നിരിക്കുന്നു.
ഞാന്‍ AK47തോക്കുപയോഗിച്ച് കൂട്ടവെടിയുതിര്‍ക്കുകയാണെന്നും അതിനാല്‍ മറുപടി പറയാന്‍ വളരെ പണിപ്പേടേണ്ടി വരുന്നു എന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് ശ്രീ കാട്ടിപ്പരുത്തി തന്റെ മറുപടിപ്പരംബര തുടങ്ങുന്നത്. മുസ്ലിം സംഘടനകള്‍ നടത്തി വരുന്ന സംവാദങ്ങളുടെയും നിച് ഒഫ് ട്രൂതു കാരുടെ മാസികയുടെയും പേരായ ‘സ്നേഹസംവാദം’ ഞാന്‍ ബ്ലോഗിന്റെ പേരാക്കിയതിലും ഖുര്‍ ആന്‍ എന്ന് മറ്റൊരു ബ്ലോഗിനു പേരു നല്‍കിയതിലുമുള്ള അമര്‍ഷമാണ് എന്റെ ബ്ലോഗുകളുടെ പേരില്‍ തന്നെ വ്യാജന്‍ നിര്‍മ്മിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും മനസ്സിലാക്കി ത്തരുന്നുണ്ട് കാട്ടിപ്പരുത്തി. [ആ അധ്യായം തല്‍ക്കാലം ക്ലോസ് ചെയ്യുന്നു. ]
കാട്ടിപ്പരുത്തിയുടെ പുതിയ സംരംഭത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ എനിക്കു സന്തോഷമേയുള്ളു. മറുവാദങ്ങള്‍ സജീവമാകുമ്പോള്‍ മാത്രമേ കൂടുതല്‍ പഠിക്കാനും പ്രതികരിക്കാനും പ്രചോദനം ലഭിക്കൂ. വായനക്കാര്‍ രണ്ടു വശവും പരിശോധിച്ച് സത്യം മനസ്സിലാക്കട്ടെ. എന്റെ വിമര്‍ശനങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു തിരുത്താനും ഈ സമീപനം ഉപകരിക്കുമല്ലോ.
വിശ്വാസത്തിന്റെയും യുക്തിവാദത്തിന്റെയും സമീപനങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ഥമാണ്. ഒന്ന് ഒരു വിശ്വാസത്തെ ആത്യന്തിക സത്യമായി ഉറപ്പിച്ച ശേഷം അതിനനുസൃതമായി മറ്റെല്ലാറ്റിനെയും വ്യാഖ്യാനിക്കുന്ന രീതിയാണ്. മറ്റേതാകട്ടെ സ്വതന്ത്രമായി അന്യേഷിക്കുകയും ശരിയെന്നു ബോധ്യപ്പെടുകയും ചെയ്ത ശേഷം ഒരു സത്യത്തെ സത്യമായി അംഗീകരിക്കുന്ന സമീപനവുമാണ്.
“പ്രപഞ്ചഘടനയും സൃഷ്ടിയും” എന്ന എന്റെ പോസ്റ്റിനു മറുപടിയായി കാട്ടിപ്പരുത്തി എഴുതിയ കാര്യങ്ങളോടാണു ഞാന്‍ ഇവിടെ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ ലെഖന പരംബര അവസാനിക്കുന്ന മുറയ്ക്ക് അതിനോടുള്ള എന്റെ നിലപാടുകള്‍ വിശദീകരിക്കുന്നതാണ്.
ഇവിടെ ഒറ്റനോട്ടത്തില്‍ അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കണ്ട ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആദ്യം അവതരിപ്പിക്കുകയാണ്.
1.പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ.
വിശ്വാസത്തിന്റെ അടിസ്ഥാന സമീപനം എന്നു ഞാന്‍ മുകളില്‍ പറഞ്ഞതിനുള്ള നല്ല ഉദാഹരണമാണീ വാചകം. പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പറഞ്ഞതാണു ഖുര്‍ ആന്‍ എന്നു തീരുമാനിച്ചുറപ്പിച്ച ശേഷമാണു അതു വായിക്കുന്നതെങ്കില്‍ അതില്‍ “തെറ്റുകള്‍ ” ഒന്നും കാണാന്‍ കഴിയുകയില്ല. കണ്ടാല്‍ തന്നെ അതു തെറ്റല്ലാതാക്കാന്‍ എന്തെകിലുമൊരു മുട്ടു ന്യായം അന്യേഷിച്ചു കണ്ടെത്തും. എത്ര പണിപ്പെട്ടിട്ടാണെങ്കിലും. അതാണു വിശ്വാസത്തിന്റെ ഒരു യുക്തി! വിശ്വാസമാകുന്ന കുറ്റിയില്‍ ചിന്തയെ ചങ്ങലക്കിട്ടു കഴിഞ്ഞാല്‍ പിന്നെ ആ കുറ്റിക്കു ചുറ്റും കറങ്ങിക്കൊണ്ടു മാത്രം ഒരു ചെറിയ ലോകം അയാള്‍ സൃഷ്ടിക്കും. അതിനപ്പുറത്തേക്കു കടക്കാന്‍ പിന്നെ അയാള്‍ക്കു സാധ്യമാകില്ല. ഇവിടെ നമ്മുടെ സുഹൃത്തും അതു തന്നെയാണു ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിം ബുദ്ധിജീവികള്‍ അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നതും ഇക്കാര്യത്തിനാണ്. ഒരു യുക്തിവാദിക്ക് കുര്‍ ആന്‍ പോലുള്ള ഒരു കൃതിയെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഒട്ടും പാടു പെടേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ തന്നെ അതു ദൈവത്തിന്റെ വെളിപാടൊന്നുമല്ല എന്ന് നിഷ്പ്രയാസം സ്ഥാപിക്കാനാവും. എന്നാല്‍ കുര്‍ ആനിലെ ഭൂമിയെ ഉരുട്ടിയെടുക്കാന്‍ പോലും ഇവര്‍ക്ക് എത്രമാത്രം മെയ്യഭ്യാസം വെണ്ടി വരുന്നു എന്നു നാം കണ്ടതാണ്. യുക്തിവാദം ഒരു സമീപനമാണ്. അന്ധമായ ഒരു മുന്‍ വിധി രൂപീകരിച്ച ശേഷം അതിനനുയോജ്യമായ ‘യുക്തി’ മെനയുന്നതിനു പകരം സംശയദൃഷ്ടിയോടെ, ശരിയേത് തെറ്റേത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണു ചെയ്യേണ്ടത്. കുര്‍ ആന്‍ പ്രപഞ്ച നാഥന്‍ അവതരിപ്പിച്ചതാണോ എന്നല്ലേ ആദ്യം അന്യേഷിക്കേണ്ടത്. അതു തീര്‍ച്ചയാക്കിയ ശേഷമല്ലേ അതിന്റെ പ്രമാണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണോ വേണ്ടേ എന്നൊക്കെ ചിന്തിക്കേണ്ടത്. അതു ദൈവത്തിന്റെ വെളിപാടല്ലെങ്കില്‍ പിന്നെ എന്തിനു നാം അതിന്റെ വാലില്‍ കെട്ടി ജീവിതം ദുസ്സഹമാക്കണം? ഇതാണു സംവാദത്തിന്റെ അടിസ്ഥാന പ്രശ്നം.
2.എന്റെ പഴയ പോസ്റ്റില്‍ യുക്തിവാദികളുടെ ഒരു സ്ഥിരം പരിപാടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതായത് ഉത്തരം പറയാനുള്ള ചോദ്യം സ്വയം നിര്‍മ്മിക്കുക, എന്നിട്ടാ ചോദ്യം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുക. അല്ലെങ്കില്‍ അവരുടെ മേല്‍ ആരോപിക്കുക. എന്നിട്ടെല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയതാണെന്ന് ഭാവിക്കുക. ഈ പോസ്റ്റും ഒട്ടും വ്യത്യസ്തമല്ല.
ഈ പരിപാടി യുക്തിവാദികളല്ല ചെയ്തു വരുന്നത്. കുറേ കാലമായി കേരളത്തിലെ മുജാഹിദ് ജമാ അത്ത് ബുദ്ധിജീവികള്‍ പയറ്റി വരുന്ന ഒരു സൂത്രമാണിത്. വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിനും നേരെ ചൊവ്വേ മറുപടി പറയാതെ തങ്ങളുടെ പക്കല്‍ റേഡി മെയ്ഡായി കരുതി വെച്ചിട്ടുള്ള കുറെ “മറുപടി” കള്‍ക് വെണ്ടി സ്വയം ചോദ്യങ്ങള്‍ ഉണ്ടാക്കി അതു ചോദിക്കാന്‍ സ്വന്തകാരെ തന്നെ യുക്തിവാദി വേഷം കെട്ടിച്ച് കപട നാടകം കളിക്കുക എന്നത് ഇവരുടെ സ്ഥിരം കലാപരിപാടി തന്നെയാണ്. മായിന്‍ കുട്ടി മേത്തര്‍ എന്നൊരാളെ മുമ്പ് പെരിന്തല്‍മണ്ണയില്‍ യുക്തിവാദി നേതാവായി അവതരിപ്പിച്ച കാര്യം കുറേ പേര്‍ക്കെങ്കിലും ഓര്‍മ്മ കാണുമല്ലോ.
3.കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി.
ഇതാ, ഇതും അത്തരത്തിലുള്ള ഒരു നംബറാണ്. ഈ ഡോ. ഉസ്മാന്‍ യുക്തിവാദിസംഘത്തിന്റെ നേതാവായിരുന്നു എന്നാണിതുവരെ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി അല്‍പ്പം കൂടി പരിഷ്കരിച്ച് സംസ്ഥാന പ്രസിഡണ്ടു തന്നെയാക്കിക്കളഞ്ഞു!
ഇങ്ങേര്‍ ഈ സംഘത്തിന്റെ ഒരു നാലണ മെംബര്‍ പോലും ആയിരുന്നിട്ടില്ല. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രമൊക്കെ ലഭ്യമാണ്. ആര്‍ക്കും പരിശോധിക്കാം. അദ്ദേഹം നിലമ്പൂരിലെ ഒരു പുരോഗമന നാടക സംഘത്തിലുണ്ടായിരുന്നു. അതു യുക്തിവാദിസംഘവുമായി ബന്ധമുള്ളതല്ല. കമ്യൂണിസ്റ്റുകാരുടെ നാടകവേദിയായിരുന്നു.
മതവിശ്വാസത്തെ സംരക്ഷിക്കാന്‍ നബിയുടെ പേരില്‍ പോലും നട്ടാല്‍ മുളയ്ക്കാത്ത നുണ പറയാന്‍ മടിയില്ലാത്ത ജമാ അത്തു ബുദ്ധിയുടെ ഒരു മണം ഇവിടെയും !
4.ഖുര്‍ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.
എങ്കില്‍ സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന കുര്‍ ആന്‍ വാക്യത്തിനു നബി നല്‍കിയ വിശദീകരണം [ബുഖാരിയിലെ സഹീഹ്] എന്തേ തമസ്കരിച്ചു കളഞ്ഞത്? രാത്രി അര്‍ശിന്റെ കീഴിലുള്ള ഒരു താവളത്തില്‍ വിശ്രമിച്ച് രാവിലെ വീണ്ടും സഞ്ചാരം തുടങ്ങുന്ന സൂര്യന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ.
ഇന്നു നിങ്ങള്‍ നടത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകള്‍ക്കൊന്നും ഇപ്പറഞ്ഞതു ബാധകമല്ലാത്തതെന്തേ?
5.ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല.
ഇതും ഇക്കാലത്തു മതവക്താക്കള്‍ ചെയ്യുന്ന പണിയാണ്. നബി നല്‍കിയ വിശദീകരണങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെച്ച് പുതിയ വ്യാഖ്യാനങ്ങള്‍ മെനയുകയും ഖുര്‍ ആനില്‍ തന്നെ അതിനു വിരുദ്ധമായി കാണുന്ന കാര്യങ്ങളെ തമസ്കരിക്കുകയും ചെയ്യുക. സന്ദര്‍ഭത്തില്‍നിന്നടര്‍ത്തുക മാത്രമല്ല.; ഒരു വാക്യം തന്നെ മുറിച്ചു വികലമാക്കി തങ്ങളുടെ നുണവ്യാഖ്യാനത്തിനു പരുവപ്പെടുത്തുകയും ചെയ്യുന്നു.
6.ഖുര്‍ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം.
എങ്കില്‍ പിന്നെ ഭൂമി ഉരുണ്ടതാണെന്നു വ്യാഖ്യാനിക്കുന്നതെന്തിന്? അതു പരന്നതാണെന്ന അറിവിലേക്കു നമ്മള്‍ എത്തിയിട്ടില്ല എന്നു വിശ്വസിച്ചാല്‍ പോരെ? മുതുകില്‍ നിന്നാണു ബീജം വരുന്നതെന്നു പ്രപഞ്ചനാഥന്‍ പറഞ്ഞാല്‍ അതങ്ങു വിശ്വസിച്ചാല്‍ മതിയല്ലോ എന്തിനാ വൃഷണം മുതുകിലാണെന്നു വ്യാഖ്യാനിച്ചും [ഇപ്പോള്‍ മുതുക് എന്നാല്‍ ലിംഗം എന്നും വാരിയെല്ല് എന്നാല്‍ യോനി എന്നും നിഘണ്ടുവില്‍ അര്‍ത്ഥം എഴുതിയുണ്ടാക്കിയാണു ദൈവത്തെ രഷപ്പെടുത്താന്‍ നോക്കുന്നത്] അര്‍ത്ഥം മാറ്റിയുമൊക്കെ സര്‍ക്കസ്സു അളിക്കുന്നത്? അതു മുതുകില്‍നിന്നുതന്നെയാണു വരുന്നതെന്നും ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നും പറഞ്ഞാല്‍ പോരെ?
7.ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ?
രാത്രിയും പകലും ചുറ്റിപ്പൊതിയുന്നു എന്ന് ഉപമാലങ്കാരം പറഞ്ഞേടത്തു വന്ന് ഭൂമിയെ ഉരുട്ടാന്‍ നോക്കിയതാരാ? അതിനു മറുവാദമായാണല്ലോ ഞാന്‍ രാവും പകലും കോര്‍ത്തു വലിക്കുന്നതും തിരിഞ്ഞു മറിയുന്നതും അടപ്പു മൂടുന്നതുമൊകെ ചൂണ്ടിക്കാണിച്ചത്. അപ്പൊള്‍ അലങ്കാരം നിങ്ങള്‍ക്കു “ശാസ്ത്ര”മാക്കാം. യുക്തിവാദികള്‍ അത് അലങ്കാരമായി ത്തന്നെ കാണണം ! അതെന്താ അങ്ങനെ?
8.ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്.
ശരി ; അങ്ങനെയാണങ്കില്‍ നിങ്ങളുടെ അല്ലാഹു തന്നെ വെറും പുകയായി പ്പോകുമല്ലോ. അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കി എന്നു പറഞ്ഞാല്‍ എന്താണര്ത്ഥം? അല്ലാഹു ആകാശത്തിരുന്നു വെള്ളം കോരി ഭൂമിയിലേക്ക് ഒഴിച്ചു എന്നാണോ? അതോ സൂര്യ താപം കൊണ്ട് ഭൂമിയിലെ ജലം ഭാഷ്പമായി വായുവില്‍ കലര്‍ന്ന് അതു തണുത്ത് മഴയായി എന്നാണോ? രണ്ടാമതു പറഞ്ഞതാണെങ്കില്‍ അല്ലാഹു വെറും പ്രകൃതിപ്രതിഭാസം എന്നതിന്റെ അലങ്കാരപ്രയോഗമാകില്ലേ? കുര്‍ ആന്‍ അല്ലാഹു “ഇറക്കി” എന്നാല്‍ അല്ലാഹു [പ്രകൃതി] മനുഷ്യനു ബുദ്ധി നല്‍കി ആ ബുദ്ധിയുപയോഗിച്ച് അവന്‍ കുര്‍ ആന്‍ അടക്കമുള്ള തത്വചിന്തകള്‍ ആവിഷ്കരിച്ചു എന്നര്‍ത്ഥം കൊടുത്തു കൂടേ? അപ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലും എന്റെ ഈ ബ്ലോഗുമൊക്കെ ദൈവം ഇറക്കിയതാകും. പിന്നെ നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ടിയും വരില്ല.
ആകാശത്തിന്റെ തൂണ്‍ ഗുരുത്വാകര്‍ഷണവും ആകാശം അനന്തപ്രപഞ്ചവുമൊക്കെയായി വ്യാഖ്യാനിക്കാമെങ്കില്‍ ഈ പണി പല രീതിയിലും ആവാം എന്നു സൂചിപ്പിച്ചുവെന്നേയുള്ളു. അപ്പറഞ്ഞതിനൊക്കെ മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സമകാലികരും നല്‍കിയ വ്യാഖ്യാനവും വിശദീകരണവും അനുസരിച്ചാണു ഞാന്‍ വിമര്‍ശിക്കുന്നത്. അതല്ല നമുക്കിന്നു തോന്നുന്നപോലെയൊക്കെ ഈതിനു വ്യാഖ്യാനം നല്‍കാമെങ്കില്‍ ഖുര്‍ ആന്‍ കൊണ്ടു തന്നെ നിരീശ്വരവാദവും മെനയാന്‍ പ്രയാസമില്ല.
9.ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ?
ഗ്രീക് യവന പുരാണങ്ങളിലെ കഥകള്‍ മുഹമ്മദ് കേട്ടറിഞ്ഞിരുന്നു. അതാണിതിന്റെ അടിസ്ഥാനം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നു. പിന്നീട് ആകാശത്തിന്റെ ലിംഗം മുറിച്ചാണു വേര്‍പെടുത്തിയത്. ആ വേഴ്ച്ചയുടെ ഫലമായാണു ഭൂമിയില്‍ ജീവജാലങ്ങളും മറ്റും പിറവി കൊണ്ടത്. ഇതാണു പ്രചാരത്തിലിരുന്ന കഥ.
10.ജബ്ബാറിന്റെ പ്രധാന വിമര്‍ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും എളുപ്പമാണ്.
ആ സാഹചര്യം മുതലെടുത്തുകൊണ്ടാണു നിങ്ങള്‍ കുറെ ഇസ്ലാമിസ്റ്റുകള്‍ കുര്‍ ആന്‍ ശാസ്ത്രമാണെന്നും ഇസ്ലാം സകല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നും ലോകത്താകെ ഇനി ഇസ്ലാമിനേ നിലനില്‍പ്പുള്ളു എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. അങ്ങനെ നിഷ്കളങ്കരായ മനുഷ്യരെ കെണിയില്‍ കുടുക്കാന്‍ -വഴിതെറ്റിക്കാന്‍- അനുവദിച്ചു കൂടാ എന്ന ചിന്തയാണ് എന്നെയും ഇതിനു പ്രേരിപ്പിക്കുന്നത്.
Saturday, September 12, 2009
Subscribe to:
Posts (Atom)