It shall be the duty of every citizen of India- to develop the scientific temper, humanism and the spirit of inquiry and reform. [Article 51 A (h) part IV ]- fundemental duties, Constitution of India.

Wednesday, October 14, 2009

കണ്ണും പരിണാമവും

കണ്ണും പരിണാമവും.

രാജു വാടാനപ്പള്ളി


കണ്ണിന്റെ ഘടനാപരമായ സങ്കീർണത അൽഭുതകരമാണ്. എന്നാൽ തലച്ചോറിന്റെ ഘടനയും പ്രവർത്തനവും അതിനേക്കാൾ എത്രയോ സങ്കീർണമാണ്. തലച്ചോറിനു പരിണാമത്തിലൂടെ വികസിക്കാമെങ്കിൽ കണ്ണിനും പരിണാമത്തിലൂടെ രൂപം കൊള്ളാവുന്നതാണ്. കണ്ണു മാത്രമല്ല, ശരീരത്തിലെ ഓരോ അവയവവും പരിണാമത്തിലൂടെയാണു രൂപം കൊണ്ടിട്ടുള്ളത്. മനുഷ്യൻ മാത്രമല്ല, ഇന്നു ഭൂമിയിൽ കാണുന്ന ജീവികളും എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവികളും പരിണാമത്തിലൂടെയാണു രംഗത്തു വന്നിട്ടുള്ളത്.
പൂർവ്വ കാലത്ത് ഒരു ജീവിക്ക് സന്തതി പരംബര ഉണ്ടാകുമ്പോൾ ,അതായത് ജനിതകവസ്തു-DNA-തലമുറകളിലൂടെ പകർത്തപ്പെടുമ്പോൾ അതിൽ ചില വ്യതിയാനങ്ങൾ -മ്യൂട്ടേഷൻസ്- ഉണ്ടാകുന്നു. അത്തരം വ്യതിയാനങ്ങളോടെ ജനിക്കുന്ന ശിശു ആ പരിസ്ഥിതിയ്ക്ക് അനുകൂലമാണെങ്കിൽ ജീവി –ആ ജീൻ- ആ പരിസ്ഥിതിയിൽ ജീവിക്കാനുള്ള അനുകൂലനം നേടുന്നു. അല്ലാത്തവ പുറം തള്ളപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്ന കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെ ,അനേകായിരം തലമുറകളിലൂടെ ,ലക്ഷക്കണക്കിനു വർഷങ്ങളെടുത്തുകൊണ്ടാണ് ഇന്നു കാണുന്ന ഏതൊരു ജീവിയും ഭൂമിയിൽ ഉൽഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു ദൈവം “ഓം ക്രീം സ്വാഹാ…!” എന്നോ “കുൻ” എന്നോ പറഞ്ഞപ്പോൾ ഓരോ ജീവിയും പൊടുന്നനെ ഉണ്ടായതല്ല.

“കണ്ണു പോലത്തെ ഉൽകൃഷ്ടമായ ഒരു അവയവം പരിണാമം വഴി ഉണ്ടാവില്ല, ആ സൃഷ്ടിക്കു പിന്നിൽ ദൈവമെന്ന മഹാശക്തിയുണ്ട്; അതാണു ഈ കാണുന്ന സകല ചരാചരങ്ങളെയുംസൃഷ്ടിച്ചത്.” ഇതാണു പരിണാമവിരുദ്ധരുടെ വാദം.

കണ്ണിന്റെ വികാസ പരിണാമങ്ങളെ നമുക്കിനി പരിശോധിക്കാം.
ഭൂമിയിൽ ജീവൻ ആവിർഭവിച്ചിട്ട് 400കോടി വർഷത്തോളമായി . വളരെ പഴക്കമേറിയ ഒട്ടേറെ ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. അതിൽ ഗ്രീൻലൻഡിൽ നിന്നും സവിശേഷമായ ജീവാംശമടങ്ങിയ ചില പാറകൾ കിട്ടിയിട്ടുണ്ട്. അവയിലെ ജീവാംശത്തിന്റെ പ്രായം 385കോടി വർഷമാണ്. [Paul Davis- The 5th miracle; The search for the origin and meaning of life. P.81,Simon –Schuster.1999.]
അടുത്ത 200 കോടി വഷങ്ങളോളം ഏക കോശജീവികളുടെ കാലമായിരുന്നു. തുടർന്ന് കഴിഞ്ഞ 200 കോടിക്കും 150 കോടിക്കും ഇടയിൽ ബഹുകോശ ജീവികൾ ആവിർഭവിക്കുന്നു. എന്നാൽ 54.5 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന കാമ്പ്രിയൻ യുഗം മുതലാണു നമ്മൾ ശരിയായ അർത്ഥത്തിലുള്ള –കണ്ണ്, ഇടവും വലവും, മുൻ വശം പിൻ വശം എന്നിങ്ങനെ വേർതിരിക്കാവുന്ന വിധത്തിലുള്ള – ജീവികൾ പ്രത്യക്ഷപ്പെടുന്നത്. ഈ കാമ്പ്രിയൻ യുഗത്തിലെ ജീവികൾക്ക് കൃത്യമായി കണ്ണുകളുണ്ട്. ഈ ജീവികൾക്ക് കണ്ണുകൾ എവിടെനിന്നു കിട്ടി? സാക്ഷാൽ ദൈവം തമ്പുരാന്റെ ഇടപെടൽ വല്ലതുമുണ്ടോ? ഇല്ല; ജൈവലോകത്തു നടന്ന പരിണാമം തന്നെയാണതിനു കാരണം. അവയ്ക്കു കണ്ണുകൾ കിട്ടിയത് അവയുടെ പൂർവ്വ രൂപങ്ങളിൽനിന്നു തന്നെയാണ്. കാമ്പ്രിയനു മുമ്പുള്ള [54.5 മുതൽ 50.5 കോടി വരെ] ജീവികളുടെ ഫോസിലുകൾ അധികമൊന്നും കിട്ടിയിട്ടില്ല. അതിനു കാരണം , കാമ്പ്രിയനു മുമ്പുള്ള വെൻഡിയൻ യുഗത്തിലെ ജീവികൾക്ക് അസ്ഥികൂടങ്ങളോ പുറം തോടുകളോ ഉണ്ടായിരുന്നില്ല. ഫോസിലായിത്തീരണമെങ്കിൽ അവ വേണം. അതുകൊണ്ട് അവയുടെ ജൈവാംശങ്ങളടങ്ങിയ പാറകളാണു കിട്ടുന്നത്. എന്നാലും അവയ്ക്കും കണ്ണുകളോ അല്ലെങ്കിൽ കണ്ണുകളുടെ പ്രാഗ് രൂപമോ അതുമല്ലെങ്കിൽ വെളിച്ചത്തോടു പ്രതികരിക്കുന്ന visual pigments ഓ ഉണ്ടായിരുന്നു. ഏക കോശ ജീവിയായ യുഗ്ലീനയിലും പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു ഭാഗം ഉണ്ട്. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ജീവന്റെ ഉൽപ്പത്തിയുടെ അദ്യ കാലത്തു തന്നെ പ്രകാശത്തോടു പ്രതികരിക്കുന്ന photo recepters എല്ലാ പ്രാചീന ജൈവരൂപങ്ങളിലും ഉണ്ടായിരുന്നു എന്ന്.

നട്ടെല്ലുള്ള ജീവികളിലും നട്ടെല്ലില്ലാത്ത ജീവികളിലും നേത്ര രൂപീകരണത്തിന് ഒരു മാസ്റ്റെർ കണ്ട്രോൾ ജീൻ [pax-6] ഉണ്ട്. പഴയീച്ചയിൽ ഈ ജീനിനെ Eye less എന്നും എലികളിൽ Small eye എന്നും മനുഷ്യനിൽ Aniridia എന്നും പറയും. പഴയീച്ചയുടെ ജീനിൽ വ്യതിയാനം സംഭവിച്ചാൽ അതിനു കണ്ണുണ്ടാവില്ല. മനുഷ്യജീനിൽ വ്യതിയാനം സംഭവിച്ചാൽ കൃഷ്ണമണി ചുരുങ്ങിപ്പോകും. ചിലപ്പോൾ കൃഷ്ണമണി തന്നെയുണ്ടാവില്ല. കാമ്പ്രിയൻ യുഗത്തിലെ ജീവികൾക്കു കണ്ണുണ്ടെങ്കിൽ അതിനർത്ഥം അവരിലും ഈ ജീൻ പ്രവർത്തിക്കുന്നു എന്നാണ്. ഈ കാലത്തെ ജീവികളെ കുറിച്ചു പഠിക്കുന്നതിന് ഏറ്റവും നല്ല ഫോസിൽ ശേഖരം കാനഡയിലെ ബർജസ് ഷെയിൽ ഫോസിൽ ശേഖരമാണ്. ഈ കാലത്തെ ജീവികൾക്ക് നിയതമായ രൂപങ്ങളുണ്ട്. 4സെ മി. വലുപ്പമുള്ള ട്രെയ്ലോ ബൈറ്റുകൾ തൊട്ട് 20 സെ മി. വലിപ്പമുള്ള Thaumaptilon valcotti വരെയുള്ളവ. [കൂടുതൽ അറിയാൻ -Simon Conway Morris, The crucible of creation ; Burges Shale and the rise of the animals, Oxford; 1999]
എന്നാൽ pax-6 എന്ന ജീൻ ഈ ജീവികൾക്കും മുമ്പേ ഉണ്ട്. 60 കോടി വർഷങ്ങൾക്കു മുമ്പേ വെൻഡിയൻ സമുദ്രത്തിൽ തത്തിക്കളിച്ചുകൊണ്ടിരുന്ന ഒരു തരം കൊച്ചു പുഴുവിൽ ഈ ജീൻ -നേത്രവും- ഉണ്ടായിരുന്നു. [Conway Morris p. 8] ഈ ജീവി നട്ടെല്ലികളുടെയും നട്ടെല്ലില്ലാത്തവയുടെയും പൊതു പൂർവ്വികനായിരുന്നു. പിന്നീട് ഈ രണ്ടു വിഭാഗം ജീവികളിലേക്കും ഈ ജീൻ പകർത്തപ്പെടുന്നു. കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ട് നട്ടെല്ലികൾ രംഗത്തു വരുന്നു. [Jerry A Coyne, Why evolution is true, Oxford, 2009, p. 56] ഈ കാലം മുതൽ സവിശേഷമായ കണ്ണുകൾ രൂപം കൊള്ളുന്നു. നട്ടെല്ലികളുടെ ക്യാമറാ ടൈപ് കണ്ണുകളും നട്ടെല്ലില്ലാത്തവയുടെ സംയുക്ത നേത്രങ്ങളും [compound eyes].

നട്ടെല്ലികൾക്ക്-മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ [മനുഷ്യനുൾപ്പെടെ] എന്നിവയ്ക്ക് –ക്യാമറ ടൈപ് കണ്ണുകളാണുള്ളത്. നമ്മുടെ കണ്ണുകളിൽ പ്രകാശം ലെൻസിലൂടെ പ്രവേശിക്കുന്നു. റെറ്റിനയിൽ പതിക്കുന്നു. അവിടെയാണ് പ്രകാശത്തോടു പ്രതികരിക്കുന്ന visual pigments നിറഞ്ഞ photo recepters ഉള്ളത്. നമുക്ക് രണ്ടു തരം visual pigments ഉണ്ട്. 1.Rods 2.Cones. Rods നമ്മെ മങ്ങിയ വെളിച്ചത്തിലും രാത്രിയിലും കാണാൻ സഹായിക്കുന്നു. Cones നമുക്കു വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. Cones ൽ 3 വിഷ്വൽ പിഗ്മെൻസ് ഉണ്ട്. പ്രകാശത്തിന്റെ തരംഗ ദൈർഘ്യം അനുസരിച്ച് അവ ഉത്തേജിക്കപ്പെടുന്നു. ഈ മൂന്നു പിഗ്മെന്റുകൾ പ്രകാശത്തിലെ short wave(SWS), medium wave(MWS), long wave(LWS) എന്നിവയോടു പ്രതികരിക്കുന്നു. നീല നിറം (417 nm), പച്ച (530 nm), ചുവപ്പ് (560nm) എന്നിങ്ങനെയാണവ. [nm=നാനോമീറ്റർ] ഈ അടിസ്ഥാന നിറങ്ങൾ ചേർന്നാണു നമുക്കു വർണക്കാഴ്ച്ച [colour vision] ലഭിക്കുന്നത്. ഇക്കാര്യത്തിൽ നമുക്ക് എന്നു പറയുന്നത് മനുഷ്യർക്ക് എന്ന അർത്ഥത്തിലല്ല. വാലില്ലാ കുരങ്ങുകൾ, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ, എന്നിവയും മനുഷ്യനും ഉൾപ്പെടുന്ന 200 ഓളം ജീവ ജാതികൾ ഉള്ള primates കൾക്ക് എന്നാണുദ്ദേശ്യം. സസ്തനി വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ് [order ] primates. Cones ൽ ഉള്ള 3 visual pigments ആണു നമുക്ക് full colour vision ലഭ്യമാക്കുന്നത്. അതിനാൽ നമ്മുടെ വർണക്കാഴ്ച്ചയെ Trichromatic vision എന്നു പറയും. ഈ മൂന്നു വിഷ്വൽ പിഗ്മെന്റുകൾ നിർമ്മിക്കപ്പെടുന്നത് opsin എന്ന പ്രോടീൻ കൊണ്ടാണ്. അതായത് നമുക്ക് 3 opsin ജീനുകൾ ഉണ്ട് എന്നർത്ഥം.

വർണപ്രപഞ്ചത്തെ കാണുന്ന കാര്യത്തിൽ ദൈവം ശരിക്കും പക്ഷപാതിത്വം കാണിച്ചു എന്ന് കാണാം. നമുക്ക് കളർ വിഷൻ ഉണ്ടെങ്കിലും കാഴ്ച്ചയുടെ കാര്യത്തിൽ നമുക്കും ദൈവം പാര വെച്ചു. പ്രൈമേറ്റുകളല്ലാത്ത സസ്തനികളെ ദൈവം ശരിക്കും പറ്റിച്ചുകളഞ്ഞു. മറ്റു പല ജീവികൾക്കും മനുഷ്യനെക്കാൾ കാഴ്ച്ചയുണ്ട്. പക്ഷികൾക്കും ചില മത്സ്യങ്ങൾക്കും 4opsin ജീനുകളുണ്ട്. Lamprey പോലത്തെ-ഇതൊരു jaw less മത്സ്യമാണ്- ജീവികൾക്ക് 5 opsin ജീനുകളുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാ വയലെറ്റ് അടക്കമുള്ള വർണ വിസ്മയങ്ങളെ കാണാൻ കഴിയുക ദൈവത്തിന്റെ ഉൽകൃഷ്ട സൃഷ്ടികളായ മനുഷ്യർക്കല്ല, മറിച്ച് പക്ഷികൾക്കും , കീടങ്ങൾക്കും ഉരഗങ്ങൾക്കുമാണ്!. എന്നാൽ സസ്തനികളിലെ പ്രൈമേറ്റ്സ് ഒഴികെയുള്ള മഹാഭൂരിപക്ഷം വരുന്ന ജീവികളോടും കാഴ്ചയുടെ കാര്യത്തിൽ ദൈവം കടുത്ത വഞ്ചനയാണു ചെയ്തത്. കഴിഞ്ഞ ദശകത്തിൽ ഈ വഞ്ചനയുടെ ചരിത്രം പുറത്തു വന്നു. നോൺ പ്രൈമേറ്റുകളായ സസ്തനികൾക്ക് –പശു , ആന, കുതിര, കടുവ – 2opsin ജീനുകളേയുള്ളു. അവർക്ക് പച്ചയിൽനിന്ന് wave length കൂടിയ ചുവപ്പിനെ വേർതിരിച്ചറിയാൻ കഴിയില്ല. സസ്തനികളിലെ ഒരു വലിയ വിഭാഗത്തിന്റെ ഈ നിർഭാഗ്യത്തിനു പിന്നിൽ ദൈവ കാരുണ്യമല്ല, ജൈവ പരിണാമം മാത്രമാണുള്ളത്. ! പരിണാമത്തിന്റെ ശരിയായ ചരിത്രം അറിയുമ്പോഴേ ഇതിന്റെ കാരണം മനസ്സിലാക്കാൻ കഴിയൂ. അതിന് എന്താണു ‘കാമ്പ്രിയൻ എക്സ്പ്ലോഷൻ ‘ എന്നറിയണം.

സവിശേഷമായ ടൂൾ കിറ്റ്

ജീവികൾ അവയുടെ ശരീരനിർമ്മിതിയ്ക്ക് സവിശേഷമായ tool kit –Hox ജീനുകൾ - ഉപയോഗിക്കുന്നു. [ഇവ ശരീരത്തിലെ അടി തൊട്ടു മുടി വരെ നിർണയിക്കുന്ന Master control ജീനുകളാണ്. ഇതു കൂടാതെ വേറെയും മാസ്റ്റെർ കണ്ട്രോൾ ജീനുകളുണ്ട്. ഉദാഹരണം –കണ്ണിന്, pax-6; Tinman ഹൃദയനിർമ്മിതിയ്ക്ക്, . ഇവയാണ് ഒരു ജീവിയുടെ മുൻ വശവും പിൻ വശവും , ഇടതും വലതും, തല മുതൽ വാൽ വരെ എന്നീ ഭാഗങ്ങൾ നിർമ്മിക്കുന്നത്. ഈ സവിശേഷ ടൂൾ കിറ്റ് ജീവികൾക്ക് എങ്ങനെ കിട്ടി?
കാമ്പ്രിയൻ യുഗം തൊട്ടാണു ശരിയായ അർത്ഥത്തിലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് എന്നു പറഞ്ഞു. അതായത് കാമ്പ്രിയൻ ജീവികളിൽ ഈ ടൂൾ കിറ്റ് പ്രവർത്തിക്കുന്നു എന്നർത്ഥം. അപ്പോൾ അവർക്ക് ഈ ജീനുകൾ പകർന്നു കിട്ടിയത് അവരുടെ വെൻഡിയൻ പൂർവ്വികരിൽനിന്നു തന്നെ. വെൻഡിയൻ യുഗത്തിലെ കൊച്ചു രൂപങ്ങളെ അപേക്ഷിച്ച് കാമ്പ്രിയനിലെ നിയതരൂപങ്ങളെ കാണുമ്പോൾ കാമ്പ്രിയൻ യുഗത്തിൽ ചില “ജീൻ വിപ്ലവങ്ങൾ ” നടന്നു എന്നു കാണാം. Lancelet-ഈൽ പോലത്തെ കൊച്ചു ജീവി-നട്ടെല്ലികളുടെ തൊട്ടടുത്ത ബന്ധുവാണ്. [നട്ടെല്ലികളുടെ ഉൽപ്പത്തി 53 കോടി വർഷങ്ങൾക്കു മുമ്പ്] . രണ്ടു പേർക്കും കാമ്പ്രിയൻ യുഗത്തിൽ ജീവിച്ചിരുന്ന ഒരു പൊതുപൂർവ്വീകനുണ്ട്. ഈ പൊതു പൂർവ്വികനിൽ നിന്നാണു രണ്ടു വിഭാഗം ജീവികളും പരിണമിച്ചത്. ഈ പൊതു പൂർവ്വികൻ 60 കോടി വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നു എന്ന് മോളിക്യുലാർ ബയോളജിയിലെ തെളിവുകൾ സൂചിപ്പിക്കുന്നു. മുമ്പു പറഞ്ഞ ജീനുകൾ പൊതു പൂർവ്വീകനിൽ നിന്നും രണ്ടു പേർക്കും കിട്ടുന്നു. Lancelet ന് 13 Hox ജീനുകളുണ്ട്. ഇതിനു കാരണം കാമ്പ്രിയൻ യുഗത്തിൽ നട്ടില്ലികളുടെ Hox ജീൻ ശേഖരത്തിൽ അനവധി ഡ്യൂപ്ലിക്കേഷനുകൾ നടന്നു എന്നതാണ്. നിലവിലുള്ള ജീനുകളിൽ ഡ്യൂപ്ലികേഷൻ നടക്കുമ്പോൾ അവ പഴയതും പുതിയതുമായി വേർ തിരിയുന്നു. അങ്ങനെ അവയ്ക്കു separate function കിട്ടുന്നു. അപ്രകാരം മുമ്പില്ലാത്ത വിധം സവിശേഷതയാർന്ന ജീവികൾ കാമ്പ്രിയനിൽ പ്രത്യക്ഷപ്പെടുന്നു. ഇതാണു കാമ്പ്രിയൻ ജൈവ വൈവിധ്യത്തിനു കാരണം. ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. കാമ്പ്രിയൻ യുഗത്തിൽ നട്ടെല്ലികളുടെ ടൂൾ കിറ്റിൽ ഡ്യൂപ്ലികേഷനുകൾ നടന്നില്ലായിരുന്നെങ്കിൽ ഇന്നുള്ള ജൈവ സഞ്ചയം ഉണ്ടാകുമായിരുന്നില്ല. അതായത് അന്നു നടന്ന മ്യൂട്ടേഷനുകളാണ് പിൽക്കാലത്ത് മത്സ്യത്തെയും തവളയേയും മുതലയേയും തിമിംഗലത്തേയും പക്ഷികളേയും മനുഷ്യനേയും രൂപപ്പെടുത്തിയത്. ആ മനുഷ്യൻ തന്നെയാണ് ഭൂമിയിൽ ജീവന്റെ വികാസം ഇങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാതെ അതിനെല്ലാം ഉത്തരവാദി ദൈവമാണെന്നു സങ്കൽപ്പിച്ചതും അതിന്റെ അടിമയായതും !

കണ്ണിന്റെ ചരിത്രം നോക്കാം :
നട്ടെല്ലികളുടെ ക്യാമറാ ടൈപ് കണ്ണുകൾ പരിസ്ഥിതി ഭേദങ്ങൾക്കനുസരിച്ച് ഒട്ടനവധി തവണ പരിണാമത്തിനു വിധേയമായിട്ടുണ്ട്. കരയിലും ജലത്തിലും അതിനു സവിശേഷതകളുണ്ട്. ജീവികൾ ജലത്തിൽനിന്നു കരയിലേക്കു പ്രവേശിക്കുന്നത് ഡവോണിയൻ യുഗത്തിലാണ്. [41.7 കോടി വർഷം മുതൽ 35.4 കോടി വർഷം വരെ] . ജീവികൾക്കു കയ്യും കാലും വെച്ച് പെട്ടെന്നൊരു ദിവസം കരയിലേക്കോടിക്കയറിയതൊന്നുമല്ല. അതിനു വേണ്ടി ഒട്ടനേകം മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. 37.5 കോടി വർഷം മുമ്പാണ് ഒരു ജലജീവി കരജീവിതത്തിനുള്ള അനുകൂലനം നേടുന്നത്. ഇക്കാലത്തെ സുപ്രസിദ്ധ ഫോസിലാണു Tiktalic. ഇവനും ക്യാമറാ കണ്ണുകളുണ്ട്. കരയിലേക്കു കയറിയ ജീവികളുടെ പൊതു പൂർവ്വീക പരംബരയിൽ പെട്ട ജീവിയാണിത്. [Neil Shubin: Your inner fish, The amazing discovery of 375 million-year-old ancestor, PENGUINE.2009]
36 കോടി വർഷമാവുമ്പോഴേക്കും കരയിലേക്കുള്ള ജീവിതത്തിന് കൂടുതൽ അനുകൂലനം നേടിയ ഫോസിലുകൾ കിട്ടുന്നു. [Acanthostega, Lethyostega] . സവിശേഷമായ കാര്യം അവയ്ക്കും ക്യാമറാ കണ്ണുകളുണ്ട് എന്നതാണ്. ഈ പൊതു പൂർവ്വീകരിൽനിന്നും പിന്നീട് ഉഭയജീവികളും ഉരഗങ്ങളും ഉണ്ടാകുന്നു. അതായത് അവരിലേക്കും പൊതു പൂർവ്വീകരുടെ ജീനുകൾ പകർത്തപ്പെടുന്നു. 22.5 കോടി വർഷങ്ങൾക്കു മുമ്പ് ഉരഗങ്ങളിൽനിന്നു സസ്തനികളുടെ പൂർവ്വീകരും ദിനോസാറുകളുടെ പൂർവ്വീകരുമായി പരിണാമം തിരിഞ്ഞു പോകുന്നു. എന്നാൽ കഴിഞ്ഞ 6.5 കോടി വർഷങ്ങൾ തൊട്ടാണ് സസ്തനികളുടെ വ്യാപനം സംഭവിക്കുന്നത്. ഇക്കാലമാവുമ്പോഴേക്കും കാഴ്ച്ചയുടെ കാര്യത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചു.

നെരത്തെ പറഞ്ഞ ഒരു കാര്യം ആവർത്തിക്കട്ടെ, സസ്തനികളിൽ primateകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉണ്ട്. ഇതാണു കളർ വിഷനു കാരണം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ full color vision ഇല്ല. മീഡിയം വേവിനും ലോങ് വേവിനും കൂടി ഒറ്റ ജീനേയുള്ളു. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. എന്തുകൊണ്ടാണിതു സംഭവിച്ചത്. ? പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നു. ഒരു ജീനിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യം അത് ഉപയോഗിച്ചു കൊണ്ടിരിക്കുക അല്ലെങ്കിൽ അത് നഷ്ടപ്പെടുക എന്നതണ്. ഇതാണു സസ്തനികളിൽ സംഭവിച്ചത്.

കഴിഞ്ഞ 25 കോടി വർഷങ്ങൾ തൊട്ട് സസ്തനികളുടെ പൂർവ്വീകർ രംഗത്തു വരുന്നുവെങ്കിലും അവർക്കു വ്യാപിക്കാനാവുന്നില്ല. അതിനു കാരണം ദിനോസാറിയൻ ആധിപത്യമാണ്. ഇതേ കാലയളവിൽ തന്നെ പ്രത്യക്ഷപ്പെട്ട ദിനോസാറുകൾക്കനുകൂലമായാണു പ്രകൃതി നിർദ്ധാരണം നടക്കുന്നത്. മുപ്പതോളം ജനീറകളിലായി 530 തരം ദിനോസാറുകൾ; പ്രകൃതി അവർക്കായാണു വഴിയൊരുക്കിയത്. അടുത്ത 16 കോടി വർഷം ഭൂമിയിലെ ആധിപത്യം അവർക്കായിരുന്നു. സസ്തനികളുടെ പൂർവ്വീകർ ഒരരികിലേക്ക് ഒതുക്കപ്പെട്ടു. ഇക്കാലത്തെ പകൽ ജീവിതം മുഴുവൻ ദിനോസാറുകൾ കയ്യടക്കി. പകൽ സസ്തനികളുടെ പൂർവ്വീകർക്കു പുറത്തിറങ്ങാൻ പറ്റാതായി. [ദിനോസാറുകളുടെ കയ്യിൽ പെട്ടാൽ തട്ടും !] അതുകൊണ്ട് രാത്രി ജീവിതം അവർക്കു തെരഞ്ഞെടുകേണ്ടി വന്നു. അതായത് രാത്രി ജീവിതത്തിന് അനുകൂലമായ മ്യൂട്ടേഷനുകൾ സംഭവിച്ച സസ്തനി പൂർവ്വീകർ മാത്രം അതി ജീവിക്കുകയും അല്ലാത്തവ പിൻ തള്ളപ്പെടുകയും ചെയ്തു.

രാത്രി ജീവിതത്തിനു കാഴ്ച്ചയല്ല പ്രധാനം. മറിച്ച് മണമാണ് അവശ്യം വേണ്ടത്. അതുകൊണ്ട് മണത്തിനനുകൂലമായ ജീനുകൾ സെലക്റ്റ് ചെയ്യപ്പെട്ടു. രാത്രി ജീവിതത്തിനു കളർ വിഷൻ അനിവാര്യമല്ലാത്തതിനാൽ ദീർഘകാലം കളർവിഷൻ ഉപയോഗമില്ലാതെ വന്നതിനാൽ ആ ജീനുകൾ നഷ്ടപ്പെട്ടു. അപ്രകാരം സസ്തനികളുടെ പൂർവ്വികരിൽ opsin ജീനുകൾ രണ്ടായി ചുരുങ്ങി. പിന്നീട് 6.5 കോടി വർഷങ്ങൾക്കു മുമ്പ് ദിനോസറുകൾ തിരോഭവിക്കുന്നു. അതേ തുടർന്നു സസ്തനികളുടെ വ്യാപനം നടക്കുന്നു. ഇനിയങ്ങോട്ടുള്ള കാലമത്രയും സസ്തനിയുഗമാണ്. ഇനി സസ്തനികൾക്കു പകൽ ജീവിതം സാധ്യമാണ്. പക്ഷെ കളർ വിഷനു വേണ്ടി 2 opsin ജീനുകളേ അവർക്കു പൂർവ്വികരിൽനിന്നും ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അവർക്കു ഫുൾ കളർ വിഷൻ ഇല്ല. പക്ഷെ സസ്തനിയായ മനുഷ്യനു 3opsin ജീനുകളുണ്ട്. അതുകൊണ്ട് അവനു ഫുൾ കളർ വിഷൻ ഉണ്ട്. അതെങ്ങനെ സംഭവിച്ചു? ദൈവം മനുഷ്യനെ പ്രത്യേകം അനുഗ്രഹിച്ചു എന്നായിരിക്കും സൃഷ്ടിവാദികൾ പറയുക. സത്യം അതല്ല. ഒരു ജീൻ ഡ്യൂപ്ലികേഷൻ ആണതിനു കാരണം. 5.5 കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രൈമേറ്റ് പൂർവ്വീകന് ഫുൾ കളർ വിഷനുള്ള കഴിവു കിട്ടി. [ Neil Shubin, Your inner fish. P. 153.]
. ഈ കാലത്താണ് ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്ക അടർന്നു മാറി വടക്കേ അമേരിക്കയുമായി കൂടിച്ചേരുന്നത്. ഈ ഭൂഖണ്ഡങ്ങളുടെ പിളർപ്പിനു ശേഷമാണു ആഫ്രിക്കയിലുള്ള നമ്മുടെ പ്രൈമേറ്റ് പൂർവ്വീകനിൽ ഒരു ജീൻ ഡ്യൂപ്ലികേഷൻ നടന്നത്. അതിന്റെ ഗുണം കിട്ടിയത് ഏഷ്യൻ ആഫ്രിക്കൻ പ്രൈമേറ്റുകൾക്കാണ്. അമേരിക്കൻ കുരങ്ങുകൾക്ക്[new world] ഇതിന്റെ പ്രയോജനം കിട്ടിയില്ല. സംഭവിച്ചത് ഇതാണ്. പ്രൈമേറ്റ് പൂർവ്വീകനിൽ മീഡിയം വേവിനും ലോങ് വേവിനും ഉള്ള ജീനിൽ ഡ്യൂപ്ലികേഷൻ സംഭവിച്ചു. അവ പ്രത്യേകം ധർമ്മങ്ങളുള്ള ജീനുകളായി നമ്മുടെ Xക്രോമസോമിൽ സ്ഥാനം പിടിച്ചു. അങ്ങനെ മുമ്പേയുള്ള Short wave ജീനുകളടക്കം നമുക്ക് 3 opsin ജീനുകളായി. അതോടെ നമ്മൾ വർണ്ണക്കാഴ്ച്ചയുള്ളവരായി.
പക്ഷെ കാഴ്ച്ചയുടെ കാര്യത്തിൽ ഈ അനുഗ്രഹം ലഭിച്ചെങ്കിലും മറ്റു ചില കാര്യങ്ങളിൽ നമുക്ക് കഴിവുകൾ നഷ്ടപ്പെടുകയും ചെയ്തു. പ്രൈമേറ്റുകൾ വൃക്ഷങ്ങളിലാണു ജീവിച്ചിരുന്നത്. ഫുൾ കളർ വിഷൻ അവരുടെ ആഹാര ലഭ്യത മെച്ചപ്പെടുത്തി. ചുവന്നു തുടുത്ത പഴങ്ങളെ തിരിച്ചറിയാൻ അതു സഹായകമായി. Tropical പ്രദേശങ്ങളിലെ പകുതിയിലധികം സസ്യങ്ങളുടെ ഇളം തളിരിലകൾ ചുവന്നതാണ്. അത് വളരെയേറെ പോഷകഗുണങ്ങളുള്ളതുമാണ്. അതു തിരിച്ചരിയാനും പ്രൈമേറ്റുകൾക്കേ കഴിയൂ. Non primate കൾക്കു കഴിവില്ല. ശത്രുവിനെ തിരിച്ചറിയാനും ഇണയെ കണ്ടെത്താനും വർണക്കാഴ്ച്ച അവരെ സഹായിച്ചു.

ഇതെല്ലാം നേട്ടങ്ങളാണെങ്കിൽ കോട്ടങ്ങൾ സംഭവിച്ചതു മണത്തിന്റെ കാര്യത്തിലാണ്.
Non primate കളുടെ ഒരു പ്രധാന ഗുണമാണു ഘ്രാണ ശക്തി. അപാരമാണ് അവയ്ക്ക് ഈ ഗുണം. അവ ഭക്ഷണം കണ്ടെത്തുന്നതും ഇണയെ തിരിച്ചറിയുന്നതും ശത്രുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതുമൊക്കെ മണം ഉപയോഗിച്ചാണ്. ഒരു ഉദാഹരണം നോക്കാം. എലിയുടെ ജിനോമിൽ 25000 ജീനുകളുണ്ട്. അതിൽ 1000 ജീനുകൾ മണത്തെ പിടിച്ചെടുക്കാനുള്ളതാണ്. പൊതു പൂർവ്വീകനിൽ നിന്നു കിട്ടിയ ഒരു ജീനിൽ നിന്ന് ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ നടന്ന ഡ്യൂപ്ലികേഷൻ വഴിയാണ് ഇത്രയധികം “മണ”ജീനുകൾ ഇണ്ടായത്. ഇവ വ്യത്യസ്തങ്ങളായ പ്രോടീനുകൾ നിർമ്മിക്കുന്നു. [olfactory receptors ]. ഇവയാണു എലിയുടെ മണത്തിന്റെ ലോകം നിയന്ത്രിക്കുന്നത്. മനുഷ്യന്റെ Genome ൽ 800 ജീനുകളുണ്ട് മണത്തിനായി. പക്ഷെ പകുതി ജീനുകളിൽ മാത്രമെ പ്രോടീൻ നിർമ്മിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയിട്ടുള്ളു. ബാക്കി 400 ജീനുകളും എന്നെന്നേക്കുമയി മ്യൂടേഷൻ വഴി നിശ്ചലമാക്കപ്പെട്ടു. [Jerry A Coyne, Why evolution is true , p.74-75. OXFORD .2009] മനുഷ്യനിൽ എന്തുകൊണ്ടിതു സംഭവിച്ചു?
നമ്മുടെ പ്രൈമേറ്റ് പൂർവ്വീകന് ഫുൾ കളർ വിഷൻ ലഭിച്ചപ്പോൾ അവർ പകൽ ജീവിതത്തിലേക്കു നീങ്ങി. അവിടെ കാഴ്ച്ചയാണു പ്രധാനം. മണമല്ല. അങ്ങനെ കാഴ്ച്ച പ്രധാനമായപ്പോൾ മണം അപ്രധാനമായി. അതുകൊണ്ട് വളരെയധികം “മണ” ജീനുകൾ നമ്മുടെ DNA യിൽ inactive ആയി കിടപ്പുണ്ട്. ഫോസിൽ പോലെ ! ഈ ജീൻ ഫോസിലീകരണം പ്രൈമേറ്റുകളിൽ വ്യത്യസ്ത തോതുകളിലാണ്. കൊളോബസ് കുരങ്ങുകളിലും ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകളിലും ഇത് 29% ആണ്. ചിമ്പൻസിയിലും ഗറില്ലയിലും 33% . മനുഷ്യനിൽ 50% . ഒരു ജീൻ ഉപയോഗിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അതു നഷ്ടപ്പെടുമെന്നാണിതു കാണിക്കുന്നത്.

ഇതു തിരിച്ചും സംഭവിക്കാം. അതായത് വെളിച്ചത്തിന്റെ ലോകത്തുനിന്ന് ഇരുൾ നിറഞ്ഞ ലോകത്തേക്കും ജീവിത പരിസരം മാറാം. അത്തരം ഒട്ടനേകം ജീവികളുണ്ട്. ഒരുദാഹരണം നോക്കാം. Blind mole rat–ഒരു തരം മണ്ണു തുരപ്പൻ എലി- അധിക സമയവും മണ്ണിനടിയിൽ മാളത്തിലാണു ജീവിക്കുന്നത്. ഇരുൾ നിറഞ്ഞ ആ ജീവിതത്തിന് കണ്ണുകളുടെ ആവശ്യം കുറവാണ്. മണത്തിന്റെ ലോകമാണവിടെ. എങ്കിലും ആ ജീവിക്കു കണ്ണുണ്ട്. പക്ഷേ കാഴ്ച്ച ശക്തിയില്ല. കണ്ണുകളുടെ ഉപയോഗം കുറഞ്ഞപ്പോൾ അതിനു ചുറ്റും ഒരു തൊലി വന്നു മൂടി. ആ തൊലി വിടർത്തി നോക്കിയാൽ കണ്ണു കണാം. കാഴ്ച്ചയില്ലാത്ത കണ്ണ് ഒരു അവശിഷ്ട അവയവമായി ഈ ജീവിയിൽ നിലനിൽക്കുന്നു. 2.5 കോടി വർഷങ്ങൾക്കു മുമ്പ് കാഴ്ച്ചശക്തിയുള്ള Rodentsൽ നിന്നാണ് Blind mole rat ന്റെ പരിണാമം എന്നാണു മോളിക്യുലാർ തെളിവുകൾ സൂചിപ്പിക്കുന്നത്. . അവയവം –ജീൻ- അതു ഉപയോഗിച്ചു കൊണ്ടിരിക്കണം . അല്ലെങ്കിൽ അത് അപ്രസക്തമാവും എന്നാണിതു സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ജിനോമിൽ 30000 ത്തോളം ജീനുകളുണ്ട്. അതിൽ 2000 ജീനുകൾ pseudo gene-dead gene- ആണ്. അവയിൽ പ്രോടീൻ നിർമ്മിക്കുന്നതിനുള്ള കോഡ് ഇല്ല. അവ ശാശ്വതമായി നിശ്ചലമാക്കപ്പെട്ടു. അതേ സമയം ഈ നിർജ്ജീവ ജീനുകൾ നമ്മുടെ പരിണാമ ബന്ധുക്കളിൽ സജീവമാണു താനും. Jerry Coyne പറയുന്നത് നമ്മുടെ ജിനോം ഇത്തരം നിർജ്ജീവ ജീനുകളുടെ ഒരു ശവപ്പറമ്പാണെന്നാണ് !. ഈ ശവപ്പറമ്പിലെ മൃത ജീനുകൾ നാം വന്ന വഴിയേതെന്നു സൂചിപ്പിക്കുന്ന ഒന്നാം തരം ദൃഷ്ടാന്തങ്ങൾ തന്നെയാണ്.

നിലവിലുള്ള ജീവികളിൽനിന്നും കോടിക്കണക്കിനു വർഷങ്ങളിലൂടെ അനേകം തലമുറകളിലൂടെ സംഭവിച്ച പരിണാമത്തിന്റെ ഫലമായാണു നാം ഉണ്ടായിട്ടുള്ളത് എന്ന് ഈ തെളിവുകൾ അനിഷേധ്യമായി സ്ഥാപിക്കുന്നു. നമ്മൾ എത്ര കഠിനമായ പരിണാമനിഷേധിയായാലും ദൈവ വിശ്വാസിയായാലും ശരി നമ്മുടെ ജനിതക മാപ്പിൽ നാം എവിടെനിന്നു വന്നു എന്നതിന്റെ തെളിവുകൾ കൊത്തി വെച്ചിട്ടുണ്ട്. ഒരു വിശ്വാസി എത്ര കുളിച്ചാലും തേച്ചാലും മാഞ്ഞു പോകുന്നതല്ല പ്രകൃതി നിർദ്ധാരണം വഴി സംഭരിക്കപ്പെട്ട ആ തെളിവുകൾ !

------
മുഖ്യ അവലംബം: Sean B Carroll, The making of the fittest; DNA and the ultimate forensic record of evolution Quercus-2008.(ഫൈസൽ കൊണ്ടോട്ടിയും മറ്റും പരിണാമവാദത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വായിച്ച എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ലേഖനമാണിവിടെ പോസ്റ്റ് ചെയ്യുന്നത്.
ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർക്ക് ഈ ചർച്ചയിൽ പങ്കെടുക്കാം . )

Saturday, September 12, 2009

കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു...!

ഞാന്‍ ഇസ്ലാം മതത്തെയും വിശേഷിച്ച് കുര്‍ ആനിനെയും വിമര്‍ശിച്ചുകൊണ്ട് എഴുതാനും പറയാനും തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടു. ഇതു വരെ എന്റെ ഒരു ലേഖനത്തിനോ പുസ്തകത്തിനോ സമഗ്രമായി മറുപടി പറയാന്‍ ആരും മതരംഗത്തു നിന്നും മുന്നോട്ടു വന്നതായി അനുഭവമില്ല. അതില്‍ എനിക്കല്‍പ്പം നിരാശയും അതേ സമയം അല്‍പ്പം ആത്മവിശ്വാസവും തോന്നിയിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ കാര്യമായ തെറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടാനെങ്കിലും മറുപടി വരുമായിരുന്നു. എന്റെ വിമര്‍ശനങ്ങളെ പരമാവധി അവഗണിച്ച് ആളുകളുടെ ശ്രദ്ധയില്‍ വരാതെ നിലനിര്‍ത്തുക എന്ന തന്ത്രമായിരിക്കാം ഈ മൌനത്തിനു പ്രേരകമായ വസ്തുത എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഏതായാലും ഇസ്ലാമിസ്റ്റുകളുടെ മൌനം ലംഘിച്ചുകൊണ്ട് ബൂലോഗത്തെങ്കിലും എനിക്കു മറുപടി പറയാന്‍ ആളുണ്ടായിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. എന്റെ ബ്ലോഗില്‍ ഞാന്‍ ഉന്നയിക്കുന്ന മതവിമര്‍ശനങ്ങളോട് സമഗ്രമായിത്തന്നെ പ്രതികരിക്കാന്‍ മറ്റൊരു ‘യുക്തിവാദം’ ബ്ലോഗ് രംഗത്തു വന്നിരിക്കുന്നു.

ഞാന്‍ AK47തോക്കുപയോഗിച്ച് കൂട്ടവെടിയുതിര്‍ക്കുകയാണെന്നും അതിനാല്‍ മറുപടി പറയാന്‍ വളരെ പണിപ്പേടേണ്ടി വരുന്നു എന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് ശ്രീ കാട്ടിപ്പരുത്തി തന്റെ മറുപടിപ്പരംബര തുടങ്ങുന്നത്. മുസ്ലിം സംഘടനകള്‍ നടത്തി വരുന്ന സംവാദങ്ങളുടെയും നിച് ഒഫ് ട്രൂതു കാരുടെ മാസികയുടെയും പേരായ ‘സ്നേഹസംവാദം’ ഞാന്‍ ബ്ലോഗിന്റെ പേരാക്കിയതിലും ഖുര്‍ ആന്‍ എന്ന് മറ്റൊരു ബ്ലോഗിനു പേരു നല്‍കിയതിലുമുള്ള അമര്‍ഷമാണ് എന്റെ ബ്ലോഗുകളുടെ പേരില്‍ തന്നെ വ്യാജന്‍ നിര്‍മ്മിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും മനസ്സിലാക്കി ത്തരുന്നുണ്ട് കാട്ടിപ്പരുത്തി. [ആ അധ്യായം തല്‍ക്കാലം ക്ലോസ് ചെയ്യുന്നു. ]
കാട്ടിപ്പരുത്തിയുടെ പുതിയ സംരംഭത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ എനിക്കു സന്തോഷമേയുള്ളു. മറുവാദങ്ങള്‍ സജീവമാകുമ്പോള്‍ മാത്രമേ കൂടുതല്‍ പഠിക്കാനും പ്രതികരിക്കാനും പ്രചോദനം ലഭിക്കൂ. വായനക്കാര്‍ രണ്ടു വശവും പരിശോധിച്ച് സത്യം മനസ്സിലാക്കട്ടെ. എന്റെ വിമര്‍ശനങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു തിരുത്താനും ഈ സമീപനം ഉപകരിക്കുമല്ലോ.

വിശ്വാസത്തിന്റെയും യുക്തിവാദത്തിന്റെയും സമീപനങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ഥമാണ്. ഒന്ന് ഒരു വിശ്വാസത്തെ ആത്യന്തിക സത്യമായി ഉറപ്പിച്ച ശേഷം അതിനനുസൃതമായി മറ്റെല്ലാറ്റിനെയും വ്യാഖ്യാനിക്കുന്ന രീതിയാണ്. മറ്റേതാകട്ടെ സ്വതന്ത്രമായി അന്യേഷിക്കുകയും ശരിയെന്നു ബോധ്യപ്പെടുകയും ചെയ്ത ശേഷം ഒരു സത്യത്തെ സത്യമായി അംഗീകരിക്കുന്ന സമീപനവുമാണ്.

“പ്രപഞ്ചഘടനയും സൃഷ്ടിയും” എന്ന എന്റെ പോസ്റ്റിനു മറുപടിയായി കാട്ടിപ്പരുത്തി എഴുതിയ കാര്യങ്ങളോടാണു ഞാന്‍ ഇവിടെ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ ലെഖന പരംബര അവസാനിക്കുന്ന മുറയ്ക്ക് അതിനോടുള്ള എന്റെ നിലപാടുകള്‍ വിശദീകരിക്കുന്നതാണ്.
ഇവിടെ ഒറ്റനോട്ടത്തില്‍ അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കണ്ട ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആദ്യം അവതരിപ്പിക്കുകയാണ്.


1.പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ.

വിശ്വാസത്തിന്റെ അടിസ്ഥാന സമീപനം എന്നു ഞാന്‍ മുകളില്‍ പറഞ്ഞതിനുള്ള നല്ല ഉദാഹരണമാണീ വാചകം. പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പറഞ്ഞതാണു ഖുര്‍ ആന്‍ എന്നു തീരുമാനിച്ചുറപ്പിച്ച ശേഷമാണു അതു വായിക്കുന്നതെങ്കില്‍ അതില്‍ “തെറ്റുകള്‍ ” ഒന്നും കാണാന്‍ കഴിയുകയില്ല. കണ്ടാല്‍ തന്നെ അതു തെറ്റല്ലാതാക്കാന്‍ എന്തെകിലുമൊരു മുട്ടു ന്യായം അന്യേഷിച്ചു കണ്ടെത്തും. എത്ര പണിപ്പെട്ടിട്ടാണെങ്കിലും. അതാണു വിശ്വാസത്തിന്റെ ഒരു യുക്തി! വിശ്വാസമാകുന്ന കുറ്റിയില്‍ ചിന്തയെ ചങ്ങലക്കിട്ടു കഴിഞ്ഞാല്‍ പിന്നെ ആ കുറ്റിക്കു ചുറ്റും കറങ്ങിക്കൊണ്ടു മാത്രം ഒരു ചെറിയ ലോകം അയാള്‍ സൃഷ്ടിക്കും. അതിനപ്പുറത്തേക്കു കടക്കാന്‍ പിന്നെ അയാള്‍ക്കു സാധ്യമാകില്ല. ഇവിടെ നമ്മുടെ സുഹൃത്തും അതു തന്നെയാണു ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിം ബുദ്ധിജീവികള്‍ അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നതും ഇക്കാര്യത്തിനാണ്. ഒരു യുക്തിവാദിക്ക് കുര്‍ ആന്‍ പോലുള്ള ഒരു കൃതിയെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഒട്ടും പാടു പെടേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ തന്നെ അതു ദൈവത്തിന്റെ വെളിപാടൊന്നുമല്ല എന്ന് നിഷ്പ്രയാസം സ്ഥാപിക്കാനാവും. എന്നാല്‍ കുര്‍ ആനിലെ ഭൂമിയെ ഉരുട്ടിയെടുക്കാന്‍ പോലും ഇവര്‍ക്ക് എത്രമാത്രം മെയ്യഭ്യാസം വെണ്ടി വരുന്നു എന്നു നാം കണ്ടതാണ്. യുക്തിവാദം ഒരു സമീപനമാണ്. അന്ധമായ ഒരു മുന്‍ വിധി രൂപീകരിച്ച ശേഷം അതിനനുയോജ്യമായ ‘യുക്തി’ മെനയുന്നതിനു പകരം സംശയദൃഷ്ടിയോടെ, ശരിയേത് തെറ്റേത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണു ചെയ്യേണ്ടത്. കുര്‍ ആന്‍ പ്രപഞ്ച നാഥന്‍ അവതരിപ്പിച്ചതാണോ എന്നല്ലേ ആദ്യം അന്യേഷിക്കേണ്ടത്. അതു തീര്‍ച്ചയാക്കിയ ശേഷമല്ലേ അതിന്റെ പ്രമാണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണോ വേണ്ടേ എന്നൊക്കെ ചിന്തിക്കേണ്ടത്. അതു ദൈവത്തിന്റെ വെളിപാടല്ലെങ്കില്‍ പിന്നെ എന്തിനു നാം അതിന്റെ വാലില്‍ കെട്ടി ജീവിതം ദുസ്സഹമാക്കണം? ഇതാണു സംവാദത്തിന്റെ അടിസ്ഥാന പ്രശ്നം.

2.എന്റെ പഴയ പോസ്റ്റില്‍ യുക്തിവാദികളുടെ ഒരു സ്ഥിരം പരിപാടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതായത് ഉത്തരം പറയാനുള്ള ചോദ്യം സ്വയം നിര്‍മ്മിക്കുക, എന്നിട്ടാ ചോദ്യം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുക. അല്ലെങ്കില്‍ അവരുടെ മേല്‍ ആരോപിക്കുക. എന്നിട്ടെല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയതാണെന്ന് ഭാവിക്കുക. ഈ പോസ്റ്റും ഒട്ടും വ്യത്യസ്തമല്ല.

ഈ പരിപാടി യുക്തിവാദികളല്ല ചെയ്തു വരുന്നത്. കുറേ കാലമായി കേരളത്തിലെ മുജാഹിദ് ജമാ അത്ത് ബുദ്ധിജീവികള്‍ പയറ്റി വരുന്ന ഒരു സൂത്രമാണിത്. വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിനും നേരെ ചൊവ്വേ മറുപടി പറയാതെ തങ്ങളുടെ പക്കല്‍ റേഡി മെയ്ഡായി കരുതി വെച്ചിട്ടുള്ള കുറെ “മറുപടി” കള്‍ക് വെണ്ടി സ്വയം ചോദ്യങ്ങള്‍ ഉണ്ടാക്കി അതു ചോദിക്കാന്‍ സ്വന്തകാരെ തന്നെ യുക്തിവാദി വേഷം കെട്ടിച്ച് കപട നാടകം കളിക്കുക എന്നത് ഇവരുടെ സ്ഥിരം കലാപരിപാടി തന്നെയാണ്. മായിന്‍ കുട്ടി മേത്തര്‍ എന്നൊരാളെ മുമ്പ് പെരിന്തല്‍മണ്ണയില്‍ യുക്തിവാദി നേതാവായി അവതരിപ്പിച്ച കാര്യം കുറേ പേര്‍ക്കെങ്കിലും ഓര്‍മ്മ കാണുമല്ലോ.

3.കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി.

ഇതാ, ഇതും അത്തരത്തിലുള്ള ഒരു നംബറാണ്. ഈ ഡോ. ഉസ്മാന്‍ യുക്തിവാദിസംഘത്തിന്റെ നേതാവായിരുന്നു എന്നാണിതുവരെ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി അല്‍പ്പം കൂടി പരിഷ്കരിച്ച് സംസ്ഥാന പ്രസിഡണ്ടു തന്നെയാക്കിക്കളഞ്ഞു!
ഇങ്ങേര്‍ ഈ സംഘത്തിന്റെ ഒരു നാലണ മെംബര്‍ പോലും ആയിരുന്നിട്ടില്ല. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രമൊക്കെ ലഭ്യമാണ്. ആര്‍ക്കും പരിശോധിക്കാം. അദ്ദേഹം നിലമ്പൂരിലെ ഒരു പുരോഗമന നാടക സംഘത്തിലുണ്ടായിരുന്നു. അതു യുക്തിവാദിസംഘവുമായി ബന്ധമുള്ളതല്ല. കമ്യൂണിസ്റ്റുകാരുടെ നാടകവേദിയായിരുന്നു.
മതവിശ്വാസത്തെ സംരക്ഷിക്കാന്‍ നബിയുടെ പേരില്‍ പോലും നട്ടാല്‍ മുളയ്ക്കാത്ത നുണ പറയാന്‍ മടിയില്ലാത്ത ജമാ അത്തു ബുദ്ധിയുടെ ഒരു മണം ഇവിടെയും !

4.ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.

എങ്കില്‍ സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന കുര്‍ ആന്‍ വാക്യത്തിനു നബി നല്‍കിയ വിശദീകരണം [ബുഖാരിയിലെ സഹീഹ്] എന്തേ തമസ്കരിച്ചു കളഞ്ഞത്? രാത്രി അര്‍ശിന്റെ കീഴിലുള്ള ഒരു താവളത്തില്‍ വിശ്രമിച്ച് രാവിലെ വീണ്ടും സഞ്ചാരം തുടങ്ങുന്ന സൂര്യന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ.
ഇന്നു നിങ്ങള്‍ നടത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകള്‍ക്കൊന്നും ഇപ്പറഞ്ഞതു ബാധകമല്ലാത്തതെന്തേ?

5.ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല.

ഇതും ഇക്കാലത്തു മതവക്താക്കള്‍ ചെയ്യുന്ന പണിയാണ്. നബി നല്‍കിയ വിശദീകരണങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെച്ച് പുതിയ വ്യാഖ്യാനങ്ങള്‍ മെനയുകയും ഖുര്‍ ആനില്‍ തന്നെ അതിനു വിരുദ്ധമായി കാണുന്ന കാര്യങ്ങളെ തമസ്കരിക്കുകയും ചെയ്യുക. സന്ദര്‍ഭത്തില്‍നിന്നടര്‍ത്തുക മാത്രമല്ല.; ഒരു വാക്യം തന്നെ മുറിച്ചു വികലമാക്കി തങ്ങളുടെ നുണവ്യാഖ്യാനത്തിനു പരുവപ്പെടുത്തുകയും ചെയ്യുന്നു.

6.ഖുര്‍‌ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം.

എങ്കില്‍ പിന്നെ ഭൂമി ഉരുണ്ടതാണെന്നു വ്യാഖ്യാനിക്കുന്നതെന്തിന്? അതു പരന്നതാണെന്ന അറിവിലേക്കു നമ്മള്‍ എത്തിയിട്ടില്ല എന്നു വിശ്വസിച്ചാല്‍ പോരെ? മുതുകില്‍ നിന്നാണു ബീജം വരുന്നതെന്നു പ്രപഞ്ചനാഥന്‍ പറഞ്ഞാല്‍ അതങ്ങു വിശ്വസിച്ചാല്‍ മതിയല്ലോ എന്തിനാ വൃഷണം മുതുകിലാണെന്നു വ്യാഖ്യാനിച്ചും [ഇപ്പോള്‍ മുതുക് എന്നാല്‍ ലിംഗം എന്നും വാരിയെല്ല് എന്നാല്‍ യോനി എന്നും നിഘണ്ടുവില്‍ അര്‍ത്ഥം എഴുതിയുണ്ടാക്കിയാണു ദൈവത്തെ രഷപ്പെടുത്താന്‍ നോക്കുന്നത്] അര്‍ത്ഥം മാറ്റിയുമൊക്കെ സര്‍ക്കസ്സു അളിക്കുന്നത്? അതു മുതുകില്‍നിന്നുതന്നെയാണു വരുന്നതെന്നും ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നും പറഞ്ഞാല്‍ പോരെ?

7.ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ?

രാത്രിയും പകലും ചുറ്റിപ്പൊതിയുന്നു എന്ന് ഉപമാലങ്കാരം പറഞ്ഞേടത്തു വന്ന് ഭൂമിയെ ഉരുട്ടാന്‍ നോക്കിയതാരാ? അതിനു മറുവാദമായാണല്ലോ ഞാന്‍ രാവും പകലും കോര്‍ത്തു വലിക്കുന്നതും തിരിഞ്ഞു മറിയുന്നതും അടപ്പു മൂടുന്നതുമൊകെ ചൂണ്ടിക്കാണിച്ചത്. അപ്പൊള്‍ അലങ്കാരം നിങ്ങള്‍ക്കു “ശാസ്ത്ര”മാക്കാം. യുക്തിവാദികള്‍ അത് അലങ്കാരമായി ത്തന്നെ കാണണം ! അതെന്താ അങ്ങനെ?

8.ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്.

ശരി ; അങ്ങനെയാണങ്കില്‍ നിങ്ങളുടെ അല്ലാഹു തന്നെ വെറും പുകയായി പ്പോകുമല്ലോ. അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കി എന്നു പറഞ്ഞാല്‍ എന്താണര്ത്ഥം? അല്ലാഹു ആകാശത്തിരുന്നു വെള്ളം കോരി ഭൂമിയിലേക്ക് ഒഴിച്ചു എന്നാണോ? അതോ സൂര്യ താപം കൊണ്ട് ഭൂമിയിലെ ജലം ഭാഷ്പമായി വായുവില്‍ കലര്‍ന്ന് അതു തണുത്ത് മഴയായി എന്നാണോ? രണ്ടാമതു പറഞ്ഞതാണെങ്കില്‍ അല്ലാഹു വെറും പ്രകൃതിപ്രതിഭാസം എന്നതിന്റെ അലങ്കാരപ്രയോഗമാകില്ലേ? കുര്‍ ആന്‍ അല്ലാഹു “ഇറക്കി” എന്നാല്‍ അല്ലാഹു [പ്രകൃതി] മനുഷ്യനു ബുദ്ധി നല്‍കി ആ ബുദ്ധിയുപയോഗിച്ച് അവന്‍ കുര്‍ ആന്‍ അടക്കമുള്ള തത്വചിന്തകള്‍ ആവിഷ്കരിച്ചു എന്നര്‍ത്ഥം കൊടുത്തു കൂടേ? അപ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലും എന്റെ ഈ ബ്ലോഗുമൊക്കെ ദൈവം ഇറക്കിയതാകും. പിന്നെ നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ടിയും വരില്ല.

ആകാശത്തിന്റെ തൂണ്‍ ഗുരുത്വാകര്‍ഷണവും ആകാശം അനന്തപ്രപഞ്ചവുമൊക്കെയായി വ്യാഖ്യാനിക്കാമെങ്കില്‍ ഈ പണി പല രീതിയിലും ആവാം എന്നു സൂചിപ്പിച്ചുവെന്നേയുള്ളു. അപ്പറഞ്ഞതിനൊക്കെ മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സമകാലികരും നല്‍കിയ വ്യാഖ്യാനവും വിശദീകരണവും അനുസരിച്ചാണു ഞാന്‍ വിമര്‍ശിക്കുന്നത്. അതല്ല നമുക്കിന്നു തോന്നുന്നപോലെയൊക്കെ ഈതിനു വ്യാഖ്യാനം നല്‍കാമെങ്കില്‍ ഖുര്‍ ആന്‍ കൊണ്ടു തന്നെ നിരീശ്വരവാദവും മെനയാന്‍ പ്രയാസമില്ല.

9.ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ?

ഗ്രീക് യവന പുരാണങ്ങളിലെ കഥകള്‍ മുഹമ്മദ് കേട്ടറിഞ്ഞിരുന്നു. അതാണിതിന്റെ അടിസ്ഥാനം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നു. പിന്നീട് ആകാശത്തിന്റെ ലിംഗം മുറിച്ചാണു വേര്‍പെടുത്തിയത്. ആ വേഴ്ച്ചയുടെ ഫലമായാണു ഭൂമിയില്‍ ജീവജാലങ്ങളും മറ്റും പിറവി കൊണ്ടത്. ഇതാണു പ്രചാരത്തിലിരുന്ന കഥ.

10.ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്.

ആ സാഹചര്യം മുതലെടുത്തുകൊണ്ടാണു നിങ്ങള്‍ കുറെ ഇസ്ലാമിസ്റ്റുകള്‍ കുര്‍ ആന്‍ ശാസ്ത്രമാണെന്നും ഇസ്ലാം സകല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നും ലോകത്താകെ ഇനി ഇസ്ലാമിനേ നിലനില്‍പ്പുള്ളു എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. അങ്ങനെ നിഷ്കളങ്കരായ മനുഷ്യരെ കെണിയില്‍ കുടുക്കാന്‍ -വഴിതെറ്റിക്കാന്‍- അനുവദിച്ചു കൂടാ എന്ന ചിന്തയാണ് എന്നെയും ഇതിനു പ്രേരിപ്പിക്കുന്നത്.

Sunday, August 30, 2009

MUSLIMS ARE THE VICTIMS OF ISLAM