It shall be the duty of every citizen of India- to develop the scientific temper, humanism and the spirit of inquiry and reform. [Article 51 A (h) part IV ]- fundemental duties, Constitution of India.

Saturday, May 8, 2010

പരിണാമത്തെ കുറിച്ച് പുതിയ ലേഖനപരംബര ഇവിടെ ആരംഭിക്കുന്നു.

മനുഷ്യ പരിണാമം: ശാസ്ത്രദൃഷ്ടിയില്‍

രാജു വാടാനപ്പള്ളി

ഭൂമിയില്‍ മനുഷ്യന്‍ എന്ന ജീവിയുടെ ആവിര്‍ഭാവം എങ്ങനെയായിരുന്നു ? റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങള്‍ മുന്നിലുണ്ട്. അവ പറയുന്നു; മനുഷ്യനെ മാത്രമല്ല ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. അതും ഇന്നു കാണുന്ന അതേ രൂ‍പത്തില്‍ . ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയുടെ ആകാരത്തില്‍ അല്‍പ്പം പോലും മാറ്റം വന്നിട്ടില്ലത്രേ . ഇതില്‍ വിശേഷ ജീവിയായ മനുഷ്യനെ ദൈവം തന്റെ രൂപത്തില്‍ തന്നെയാണു സൃഷ്ടിച്ചത്. ഇത് മനുഷ്യോല്‍പ്പത്തിയെ സംബന്ധിച്ച മതത്തിന്റെ വ്യാഖ്യാനമാണ്. കഴിഞ്ഞ 3000 വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടിത മതങ്ങളുടെ ആവിര്‍ഭാവത്തോടെ ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലവിലിരിക്കുന്നു. എന്നാല്‍ മതങ്ങള്‍ പറയുന്ന ഈ അറിവിനെ അംഗീകരിക്കാത്തവരോ വിശ്വസിക്കാത്തവരോ ആയി ഒട്ടനവധി പേരുണ്ട്. അവരുടെ മുന്നില്‍ മറ്റൊരു വഴി തുറന്നു കിടക്കുന്നു. അത് പരിണാമശാസ്ത്രം തെളിവുകള്‍ സഹിതം കാണിച്ചു തരുന്ന വഴിയാണ്., അത് പറയുന്നു; മനുഷ്യന്‍ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളും ഇന്നു കാണുന്ന അതേ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല ; മറിച്ച് ഇന്നു കാണുന്ന രൂപത്തിലേക്ക് , അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ നടന്ന മാറ്റത്തിന്റെ ഫലമായി ആയിത്തീര്‍ന്നതാണ് എന്ന്. ഈ ആയിത്തീരല്‍ എന്ന പ്രക്രിയ യാണ് പരിണാമം. അതാണ് എവല്യൂഷണറി ബയോളജി. ദൈവത്തെ വിശ്വസിക്കാത്തവര്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ശാസ്ത്രശാഖ.



ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവികളും -ഉദാ: ദിനോസര്‍ - പരസ്പരം ബന്ധിതമാണ്. ഒന്നില്‍ നിന്ന് ക്രമേണ മറ്റൊന്നു രൂപം കൊള്ളുന്നു. ഭൂമിയില്‍ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്‍ക്കാല പ്രതിനിധികളാണു നമ്മളെല്ലാം. ഒരു ജീവി വിഭാഗത്തില്‍നിന്ന് മറ്റൊരു ജീവിവിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന് , അല്ലെങ്കില്‍ ഒന്നു ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന് അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം പറയാം . തിമിംഗലം ഒരു കടല്‍ ജീവിയാണ്. ; സസ്തനിയുമാണ്. എന്നാല്‍ അതിന്റെ ഉല്‍പ്പത്തി കരയില്‍ നാലു കാലില്‍ നടന്നിരുന്ന ഒരു സസ്തനിയില്‍ നിന്നാണ്. ഹിപ്പൊ പൊട്ടാമസിന്റെ ഒരു അടുത്ത ബന്ധുവില്‍ നിന്നാണ് 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തിമിംഗലം പരിണമിച്ചത്. !

ഒരു വലിയ വൃക്ഷത്തെ സങ്കല്‍പ്പിക്കുക. വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷം. അതിന് അനേകമനേകം ശാഖോപശാഖകളുണ്ട്. അതിന്റെ മണ്ണോടു ചേര്‍ന്നു നില്‍ക്കുന്ന ഭാഗം , ആദ്യത്തെ ജൈവരൂപമാണെങ്കില്‍ , അതിന്റെ ഏറ്റവും മുകളറ്റത്തു കാണുന്ന ഒരു കൊച്ചു കൊമ്പ്, അതാണു മനുഷ്യന്‍ . ആ കൊമ്പ് തനിയെ ആകാശത്തു നില്‍ക്കില്ല. അതു മറ്റു ശാഖകളുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. അല്ലെങ്കില്‍ മറ്റു പല ശാഖകളില്‍നിന്നുമാണ് പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവ രൂപത്തില്‍നിന്ന് മനുഷ്യന്‍ എന്ന ശാഖയിലേക്കെത്തുവാന്‍ 400 കോടി വര്‍ഷം എടുത്തു. 400 കോടി വര്‍ഷം മുമ്പാണു ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചത്. നമുക്കു കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവാംശമടങ്ങിയ പാറകള്‍ ഗ്രീന്‍ലാന്‍ഡിലെ അകീലിയ ദ്വീപില്‍നിന്നാണ്. 1995ല്‍ കാലിഫോര്‍ണിയയിലെ Scripps Institute Of Oceanographyയിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടു പിടിച്ചു. ഇതിലടങ്ങിയിരുന്ന ജൈവാംശങ്ങലുടെ പ്രായം 385 കോടി വര്‍ഷമാണ്. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാര്‍ കണക്കു കൂട്ടിയെടുത്തു ; ഭൂമിയില്‍ കഴിഞ്ഞ 400 കോടി വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോഴോ ജീവന്‍ ആവിര്‍ഭവിച്ചു എന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ദൈവം ഈ കാലഘട്ടത്തില്‍ മനുഷ്യനെ സൃഷ്ടിച്ചില്ല? ആറു ദിവസം കൊണ്ടാണല്ലോ ദൈവം തന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചത് ! 350 കോടി വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കണ്ടെത്തിയാല്‍ പരിണാമവാദം പൊളിഞ്ഞു. മാത്രമല്ല , ദൈവം എന്നതു സത്യമാണെന്നു തെളിയുകയും ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല. കാര്യങ്ങള്‍ നടന്നത് വേറെ വിധത്തിലാണ്.