ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് സാറുമായി ഞാന്‍ ഇന്നലെ വിശദമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരില്‍ പരിചയമില്ല. അദ്ദേഹം പലരും പ്രചരിപ്പിക്കുന്നതു പോലെ ഒരു യുക്തിവാദിയല്ല. തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളിയിലെ മോറല്‍ ക്ലാസ്സിനു പാഠം തയ്യാറാക്കുന്ന വ്യക്തിയുമാണ്.
വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നനം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.
പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്. ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ”
ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് സാര്‍ അതില്‍ കഥാപാത്രത്തിനു ഒരു പേരു നല്കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര് ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല. എല്ലാ ചിഹ്ന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പാസേജ് എന്ന നിലയിലാണ് ഇതു തെരഞ്ഞെടുത്തത്.
ഈ കാര്യങ്ങള്‍ ബന്ധപ്പെട്ടവരോടൊക്കെ വിശദീകരിച്ചു. പത്രക്കാരോടും പറഞ്ഞു. പക്ഷെ എല്ലാവരും കൂടി തന്നെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണു ചെയ്തത്.
ഈ വിശദീകരണം തൃപ്തികരമായി തോന്നി.
മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ
Wednesday, April 14, 2010
Subscribe to:
Posts (Atom)